സദ്യ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ഒട്ടുമിക്ക ആഘോഷങ്ങളിലും പരിപാടികളിലും സദ്യ ഒരുക്കാറുണ്ട്. ഒരു പാട് കറികൾ ചേർത്താണ് സദ്യ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ സദ്യയിൽ ധാരാളം വൈറ്റമിനുകൾ, മിനറലുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മൾ എല്ലാവരും സദ്യ കഴിക്കാറുണ്ടെങ്കിലും സദ്യയിൽ അടങ്ങിയ കലോറിയും ഗുണങ്ങളും പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
പല സ്ഥലങ്ങളിലും പല തരത്തിലാണ് സദ്യയുടെ ചിട്ട വട്ടങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നത്. എന്നാൽ ഇവയുടെ ചേരുവകളും മറ്റും ഒന്ന് തന്നെയാണ്. പപ്പടം, പഴം, പായസം, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, പുളിശ്ശേരി, പച്ചടി, കിച്ചടി എന്നിങ്ങനെ ലിസ്റ്റ് നീളും. ഏകദേശം 2600 കലോറിയാണ് നമുക്ക് ഒരു സദ്യയിലൂടെ ലഭിക്കുന്നത്. മനുഷ്യ ശരീരത്തിന് ഒരു ദിവസം വേണ്ട കലോറി 2000 മുതൽ 3000 വരെയാണ്. സദ്യയിലൂടെ മാത്രം നമുക്ക് 2000 ൽ കൂടുതൽ കലോറി ലഭിക്കുന്നുണ്ട്. ധാരാളം ഗുണങ്ങളടങ്ങിയതാണ് സദ്യ. ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, എന്നിങ്ങനെ എല്ലാം സദ്യയിലുണ്ട്. ചോറ് കഴിക്കുമ്പോൾ തവിടോട് കൂടെ കഴിക്കാൻ ശ്രമിക്കുക. തവിടോടെ കഴിക്കുമ്പോൾ വൈറ്റമിൻ ബി, സെലനിയം, പൊട്ടാസ്യം, മഗ്നീഷ്യം, നാര് എന്നിവ ശരീരത്തിൽ എത്തും. സദ്യ തുടങ്ങുന്നത് തന്നെ പരിപ്പും നെയ്യും ചേർത്താണ്. പ്രോട്ടീൻ്റെ ഒരു ശേഖരമാണ് പരിപ്പ് . വൈറ്റമിനും മിനറലുകളും ശരീരത്തിലേക്ക് ആകീരണം ചെയ്യാൻ നെയ്യിലെ കൊഴുപ്പ് സഹായിക്കും.
എല്ലാ പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന അവിയൽ ഗുണത്തിൻ്റെ കാര്യത്തിൽ മുന്നിലാണ്. വൈറ്റമിനുകളുടെ കലവറയാണ് അവിയൽ. ഇവയിൽ നാരുകൾ ധാരാളമുള്ളതിനാൽ ശരിയായ ദഹനത്തിന് സഹായിക്കും. അത് പോലെ സാമ്പാറും ഏറെ ഗുണകരമാണ്. ഇവയിലെ നാരുകൾ അമിതമായ കൊഴുപ്പ് വലിച്ചെടുക്കാൻ സഹായിക്കും. കാബേജ്, ബീൻസ്, പയർ എന്നിവ തോരന് വേണ്ടി ഉപയോഗിക്കാറുണ്ട്. ഇവയിലെ ആൻ്റി ഓക്സിഡൻ്റ്സ് ശരീരത്തിന് വളരെ ഗുണകരമാണ്. ബിറ്റ്റൂട്ട് പച്ചടിയിൽ ധാരാളം ഫോളിക് ആസിഡ്, അയേൺ, സിംഗ് എന്നിവ അടങ്ങിയിരിക്കുന്നു. ഇഞ്ചി കറി ഒരു ഔഷധം എന്ന് തന്നെ പറയാം. ഇവയിലടങ്ങിയ ലവണങ്ങൾ ദഹനം സുഗമമാക്കാൻ സഹായിക്കും. മോരും ഇതേ ഫലം ചെയ്യുന്ന ഒന്നാണ്. പായസമില്ലാതെ എന്ത് സദ്യ അല്ലേ? ഏറ്റവും കൂടുതൽ കലോറി ഉള്ളതും പായസത്തിലാണ്. അമിതവണ്ണം, അല്ലെങ്കിൽ ബുദ്ധിമുട്ടുള്ളവർ കലോറി കുറയ്ക്കാൻ പായസം കുറച്ചാൽ മതിയാകും.
അധികമായാൽ അമൃതും വിഷമെന്നാണല്ലോ? അതിനാൽ ഇവയൊക്കെ ആവശ്യത്തിന്, കലോറി അറിഞ്ഞ് തന്നെ കഴിക്കുക. ചോറും പായസവും മിതമായി മാത്രം കഴിക്കുക. അഥവ കൂടുതൽ കഴിച്ചാൽ അന്നേ ദിവസം രാവിലെയും രാത്രിയും ഭക്ഷണം ചുരുക്കുക. അധികം കഴിച്ചാൽ ഏകദേശം 5000 കലോറി ശരീരത്തിൽ എത്തുകയും പ്രമേഹം, അമിത വണ്ണം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഓരോ ആഹാരത്തിനും അതിൻ്റേതായ കലോറിയുണ്ട്. ചോറ് 1 1/2 കപ്പ് ആണ് കഴിക്കുന്നതങ്കിൽ 260 കലോറി, പരിപ്പ് ഒരു സ്പൂൺ 60 കലോറി, പപ്പടം ഒന്ന് 60 കലോറി, ശർക്കര വരട്ടി’ 2 എണ്ണം 50 കലോറി, കായ വറുത്തത് 20 കലോറി, പഴം ഒന്ന് 90 കലോറി, കൂട്ട് കറി 2 ടീ സ്പൂൺ 100 കലോറി, ഇഞ്ചി കറി 1 ടീ സ്പൂൺ 60 കലോറി, തോരൻ 2 ടീ സ്പൂൺ 50 കലോറി, അച്ചാർ 1 ടീ സ്പൂൺ 20 കലോറി, അവിയൽ 1 ടീ സ്പിൻ 140 കലോറി, സേമിയ പായസം 1 കപ്പ് 150 കലോറി, പൈനാപ്പിൾ പായസം 1 കപ്പ് 250 കലോറി, കടല പായസം 1 കപ്പ് 200 കലോറി, അട പായസം 1 കപ്പ് 220 കലോറി, പച്ചടി 1 ടീ സ്പൂൺ 50 കലോറി, കിച്ചടി 1 ടീസ്പൂൺ 40 കലോറി, മോര് 1 കപ്പ് 30 കലോറി, രസം 1 കപ്പ് 20 കലോറി, സാമ്പാർ1 കപ്പ് 50 കലോറി, പുളിശ്ശേരി 1 കപ്പ് 30 കലോറി, ഓലൻ 1 ടീ സ്പൂൺ 80 കലോറി, നെയ്യ് 1 ടീ സ്പൂൺ 45 കലോറി എന്നിങ്ങനെയാണ് ആകെ 2600 കലോറി സദ്യയിലൂടെ വരുന്നത്. അമിത വണ്ണമുള്ളവരോ, വണ്ണം കുറക്കാൻ ശ്രമിക്കുന്നവരോ ഈ അളവിൽ കൂടുതൽ കഴിക്കാതെ ശ്രദ്ധിക്കുക. കലോറി കൂടിയ ആഹാരം കുറയ്ക്കുന്നതാണ് നല്ലത്. പ്രമേഹ രോഗമുള്ളവർ പായസം ഒഴിവാക്കുന്നതാണ് ഉത്തമം. മരുന്നുകളുടെ ഡോസ് ഇതനുസരിച്ച് സ്വയം കൂട്ടുന്നത് ഒരു കാരണവശാലും ചെയ്യരുത്. രക്തസമ്മർദമുള്ളവർ അച്ചാർ കുറയ്ക്കുക. ഇത്രയും ഹെവിയായ ഭക്ഷണം കഴിക്കുന്നത് വഴി വയറിലേക്ക് രക്തയോട്ടം കൂടും. അതിനാൽ അമിതമാകാതെ കലോറികൾ മനസ്സിലാക്കി സദ്യ കഴിക്കുക.