സംസ്ഥാനത്തെ എല്ലാ വീടുകളിലും നവംബർ ആദ്യം മുതൽ കെഎസ്ഇബി എൽഇഡി ബൾബുകൾ വിതരണം ചെയ്യാനൊരുങ്ങുകയാണ്. ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ഇബി എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ പ്രകാശം പരത്തും. കാര്യക്ഷമമായ ഊർജ ഉപഭോഗം എന്ന ലക്ഷ്യത്തോടെയാണ‌് കെഎസ‌്ഇബി ഈ പദ്ധതി അവതരിപ്പിച്ചത്. ഊർജ സംരക്ഷണത്തോടൊപ്പം കാർബൺ നിർഗമനം കുറയും എന്നതും നേട്ടമാണ‌്. സാധാരണ ബള്‍ബുകള്‍ ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. നീക്കം ചെയ്യുന്നവ പരിസ്ഥിതി മലിനീകരണത്തിനിടയാകാതെ എനർജി മാനേജ്മെന്റ് സെന്റർ ഏറ്റെടുത്തു സംസ്കരിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഉപയോഗിക്കുന്നത് ഫിലമെന്റ് ബൾബുകളാണെങ്കിൽ അത് ഒഴിവാക്കി കെഎസ്ഇബി നൽകുന്ന എൽഇഡി ബൾബുകൾ എല്ലാവരും വീടുകളിൽ ഫിറ്റ് ചെയ്യേണ്ടതാണ്. നേരത്തെ മുതൽ എൽഇഡി ബൾബിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ഇബിയുടെ സൈറ്റ് വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 13 ലക്ഷം വീടുകളിലാണ് നവംബർ മാസം മുതൽ എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നത്.ഏകദേശം ഒരു കോടി ബൾബാണ് വിതരണം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.കെഎസ്ഇബിയുടെ ഓഫീസിൽ ചെന്നാണ് ഉപഭോക്താവ് ബൾബ് വാങ്ങേണ്ടത്. ബൾബ് വാങ്ങുന്ന സമയത്ത് മുഴുവൻ പൈസയും അടയ്ക്കേണ്ട ആവശ്യമില്ല. ഇതിൽ കറണ്ട് ബില്ല് അടയ്ക്കുന്ന സമയത്ത് പൈസ നൽകിയാലും മതി. അതല്ല ഘട്ടംഘട്ടമായും പൈസ അടയ്ക്കാവുന്നതാണ്.
ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതി വന്നു കഴിഞ്ഞാൽ പല നേട്ടങ്ങളും ഉപയോക്താവിന് ലഭിക്കും. പൊതുവായി വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി നമുക്ക് കുറയ്ക്കാൻ സാധിക്കും.വൈദ്യുതിയുടെ ഉപയോഗം കുറയുമ്പോൾ സ്വാഭാവികമായും ബില്ലിലും ആ കുറവ് കാണാൻ സാധിക്കും. ഇങ്ങനെ സാധാരണ വരുന്നതിനേക്കാൾ കുറഞ്ഞ തുക വന്നു കഴിഞ്ഞാൽ ആ തുക ഉപയോഗിച്ച് നമുക്ക് ബൾബിന്‍റെ പണം തിരിച്ചു അടക്കാൻ സാധിക്കുകയും ചെയ്യും.ബൾബ് ആവശ്യമുള്ളവർക്കുള്ള രണ്ടാംഘട്ട രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സൈറ്റ് വഴി തന്നെയാണ് രണ്ടാംഘട്ട രജിസ്ട്രേഷനും ആരംഭിക്കുന്നത്.ഇന്നത്തെ വെളിച്ച വിപ്ലവത്തിന്റെ മുന്നണിപോരാളികളാണ് എൽ ഇ ഡി ബൾബുകൾ.മറ്റു ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്നവയാണ് എൽ ഇ ഡി ബൾബുകൾ. ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് എൽ ഇ ഡി. രണ്ട് ഡയോഡുകളിൽ കൂടി വൈദ്യുതി കടന്നു പോകുമ്പോഴാണ് എൽ ഇ ഡി ബൾബുകൾ പ്രകാശിക്കുന്നത്.15 വാട്ട് സിഎഫ്എൽ ബൾബിൽ നിന്ന് വരുന്ന പ്രകാശം 5വാട്ട് എൽ ഇ ഡിക്ക് നൽകാൻ കഴിയും. അതുപോലെ 28 വാട്ട് സാധാരണ ട്യൂബിന്‍റെ പ്രകാശം 20 വാട്ട് എൽഇഡി ട്യൂബിൽ നിന്നും ലഭിക്കും. ഇതിന്‍റെ ആയുസ്സ് മറ്റു ട്യൂബിനെ അപേക്ഷിച്ച് 10 മടങ്ങാണ്.ഏതാണ്ട് 15 വർഷം വരെ പ്രവർത്തിക്കുകയും ചെയ്യും.ഒരു വാട്ടിൽ നിന്ന് 55 ലൂമൻ പ്രകാശമാണ് സി എഫ് എൽ നൽകുന്നതെങ്കിൽ എൽഇഡി 100 ലൂമൻ നൽകുകയും ചെയ്യും.