പാവൽ കൃഷിയുടെ വിളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മളിൽ പലരും വീട്ടിൽ സാധാരണമായി കൃഷി ചെയ്യുന്ന ഒന്നാണ് പാവൽ. എന്നാൽ അവയുടെ കേട് വരുന്നതും വളർച്ചയില്ലാത്തതും വിളവിനെ ബാധിക്കാറുണ്ട്. പാവൽ കൃഷി ചെയ്യുന്നവർക്ക് വിളവ് കൂട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.  പാവൽ വിത്ത് നടുമ്പോൾ കൂർത്ത വശം മുകളിലേക്ക് വരുന്ന വിധം വേണം പാകേണ്ടത്. വിത്തിൻ്റെ വശം മനസ്സിലാകുന്നില്ലെങ്കിൽ കുറുകെ നട്ടാൽ മതി. പാവൽ കൃഷിക്ക്  ഒരുപാട് വെള്ളവും വളത്തിൻ്റെയും ആവശ്യമില്ല. ഒരു പാട് വെള്ളം ഒഴിക്കുന്നത് ചീയാനിടയാകും. പാവൽ പല രീതിയിൽ നടാവുന്നതാണ്. ചാണകം കട്ടിക്ക് വെച്ച് പാവൽ വിത്തിട്ടതിന് ശേഷം ചാണകം മുറിച്ചെടുത്തും ചകിരി ചോറും കമ്പോസ്റ്റും മിശ്രിതമാക്കി നടുകയും ചെയ്യാം. നാല് ഇലകൾ വന്നതിന് ശേഷം കിളച്ച് ഒരുക്കിയ കൃഷിയിടത്തിലേക്ക് മാറ്റി നടുമ്പോൾ വേര് മുറിയാതെ സൂക്ഷിച്ച് വേണം തൈ പറിച്ച് നടേണ്ടത്. ഒരു കുഴിയിൽ മുന്ന് തൈകൾ വരെ നടാവുന്നതാണ്. ഒരാഴ്ച്ചക്ക് ശേഷം ചാണക വെള്ളം നേർപ്പിച്ച് ഒഴിച്ചു കൊടുക്കാം. തൈകൾ പെട്ടെന്ന് വളരാൻ അത് സഹായിക്കും. അടുത്ത ആഴ്ച്ച വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഒരു പിടി വീതം ചേർത്ത് തടമൊരുക്കാം. ഒരോ മാസവും ഇത് പോലെ വളപ്രയോഗം ചെയ്യുന്നത് ഉത്തമം.

പാവൽ പടരാവുന്ന വലുപ്പമാകുമ്പോൾ പന്തലിലേക്കോ മറ്റോ പടർത്തി കൊടുക്കാം. പാവക്കയുടെ കയ്പ്പ്  കുറയുന്നതിന് ചാരം വളമായി നല്കുന്നത് വളരെ നല്ലതാണ്. മിതമായ നനയാണ് പാവലിന് വേണ്ടത്. തടത്തിൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. ഗോമൂത്രം നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് പാവൽ നന്നായി വളരാൻ സഹായിക്കും. ആഴ്ചയിലൊരിക്കൽ പ്സ്യൂഡോമോണിക്സ് ഇലകളിലും ചുവട്ടിലും ഒഴിച്ച് കൊടുക്കുന്നത് ഇല മഞ്ഞളിപ്പ് പോലെയുള്ള പ്രശ്നങ്ങളെ തടയാൻ സഹായിക്കും. ഇല മഞ്ഞളിപ്പ്  കാണുപ്പെടുമ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം ഒഴിച്ചു കൊടുക്കുന്നതിലൂടെ അവ മാറ്റിയെടുക്കാം. പൂക്കൾ കൊഴിയുന്നത് തടയാൻ കറിക്കായം അഥവാ പാൽക്കായം വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം. പാവൽ തൈ വച്ച് രണ്ട് മാസത്തിനകം തന്നെ വിളവെടുക്കാനാവും. മുന്നിയുടെ ശല്യമകറ്റാൻ തുളസി നീര് ഇലകളിൽ തളിച്ച് കൊടുക്കാം. പാവൽ തണ്ടിൽ മുഴ പോലെ കാണപ്പെട്ടാൽ ഏതെങ്കിലും ജൈവ കീടനാശിനി ഉപയോഗിക്കുക. ഏതെങ്കിലും തരത്തിലുള്ള കീടബാധ കാണപ്പെട്ടാൽ ബാധിച്ചു തുടങ്ങിയ ഇലകൾ മുറിച്ച്  ദൂരെ കളയുക. ഇത് ചെയ്യുന്നത് മറ്റ് ചെടികളിലേക്ക് ബാധ പടരാനുള്ള സാധ്യത കുറയ്ക്കും. പാവലിൻ്റെ ഇല ചുരുളുന്നത് മാറാൻ ഒരു ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് ഇലകളിലും തണ്ടുകളിലും ഒഴിച്ച് കൊടുക്കാം. മൂലകങ്ങളുടെ കുറവിനാലാണ് ഇല ചുരുളുന്നതെങ്കിൽ തളിച്ച് 15 ദിവസത്തിന് ശേഷം പുതിയ ഇലകൾ വന്നിട്ടുണ്ടാകും. കായ്കൾക്കോ ഇലകൾക്കോ കേട് കാണപ്പെട്ടാൽ ഉടൻ തന്നെ നീക്കം ചെയ്യുക. കായ്ഫലം വന്നു തുടങ്ങിയാൽ പോളിതീനോ കടലാസോ ഉപയോഗിച്ച് പൊതിയുന്നത് കേടുകൾ വരാതെ സഹായിക്കും. ലളിതമായ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാവൽ കൃഷിയുടെ വിളവ് കൂട്ടാനാകും.

Leave a Reply

Your email address will not be published. Required fields are marked *