കാടിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പറ്റി വയനാട്ടിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യാസത്യമായ ഒന്നാണ്. ഉപേക്ഷിക്കപ്പെട്ട കാട്ടുപന്നിയെ സ്വന്തം മക്കളെ പോലെ വളർത്തിയ
വയനാട്ടിലെ ചുണ്ട എന്ന സ്ത്രീയുടെ കഥ. ചുണ്ടക്ക് കൂട്ടായ് എത്തിയ മുത്തു എന്ന വിളിപ്പേരുള്ള കാട്ടുപന്നിയും. മനുഷ്യരെ മൃഗങ്ങളും, മൃഗങ്ങളെ മനുഷ്യരും ആക്രമിക്കുന്ന സംഭവങ്ങൾ സാധാരണയാകുന്ന ഈ കാലത്ത് ഇവരുടെ ആത്മബന്ധത്തിന്റെ കഥ വ്യത്യസ്തമാകുന്നു. വയനാട്ടിലെ മട്ടൂർ കാട്ടുനായ്ക്ക കോളണിലാണ് സംഭവം.
രണ്ട് വർഷം മുൻപാണ് ആഴ്ച്ചകൾ മാത്രം പ്രായമുള്ള പെൺ കാട്ടുപ്പന്നി കുഞ്ഞിനെ ചുണ്ടക്ക് ലഭിച്ചത്. വീടിനടുത്തുള്ള കാപ്പി തോട്ടത്തിൽ പശുവിന് പുല്ല് ചെത്താൻ പോയപ്പോളാണ് നിലത്ത് കിടന്ന് പന്നി കുഞ്ഞിനെ കാണുന്നത്. ചുണ്ട അതിനെ കൂടെ കൂട്ടി മുത്തു എന്ന ഓമനപ്പേരും നൽകി. ആദ്യം ഒന്നും കഴിക്കാനാവാത്ത പ്രായം ആയിരുന്നതിനാൽ രണ്ടാഴ്ചകൾക്ക് ശേഷം റസ്കും പാലും കട്ടൻചായയുമൊക്കെ നൽകി വളർത്തി. പിന്നീട് ചോറും കൊടുക്കാൻ തുടങ്ങി. രാത്രികളിൽ പുതപ്പ് പുതപ്പിച്ച് തൻറെ കൂടെ തന്നെ മുത്തുവിനെയും കിടത്തി.രാത്രിയാകുന്ന വരെ മാറി കിടക്കുമെങ്കിലും ഇപ്പോളും ഉറങ്ങാറാവുമ്പോൾ മുത്തു ചുണ്ടയുടെ അടുത്ത് വരും. എല്ലാ ദിവസവും രാവിലെ മുത്തു ചുണ്ടയുടെ പശുക്കളുടെ കൂടെ പോയി പുല്ല് തിന്നും. രാവിലെ കറന്നെടുക്കുന്ന പാലിൽ രണ്ട് ഗ്ലാസ്സ് അവൾക്കുള്ളതാണെന്നും അവൾക്കുള്ള പാല് കിട്ടിയില്ലെങ്കിൽ ബഹളമാണെന്നും ചുണ്ട പറയുന്നു.
ചുണ്ടയുടെ ഊണിലും ഉറക്കത്തിലുമെല്ലാം മുത്തുവും കൂടെ കാണും. വീട്ടിലെ ഒരു അംഗത്തെ പോലെ മുത്തു അവരോടൊപ്പം ജീവിക്കുന്നു. മനുഷ്യർക്ക് ഇവരുടെ കഥയിൽ കൗതുകം തോന്നുമെങ്കിലും ചുണ്ട സ്നേഹമൂട്ടി വളർത്തുന്ന മറ്റ് വളർത്തുമൃഗങ്ങൾക് ഇത് സാധാരണം. കാലങ്ങൾ കടന്നുപോകുമ്പോഴും ഇവരുടെ ഈ ആത്മബന്ധം തുടരുന്നു.
വയനാട്ടിലെ സമാനമായ മറ്റൊരു വാർത്തയും കുറച്ച് നാളുകൾക്ക് മുൻപ് ഏവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. കിങ്ങിണി എന്ന വിളിപ്പേരിട്ടു കാട്ടുപന്നിയെ എഴ് വർഷമായി വളർത്തിക്കൊണ്ട് വരുന്ന അമ്മിണി എന്ന സ്ത്രീ. മട്ടൂരിൽ നിന്നും കുറച്ചകലെ മാരാമല എന്ന സ്ഥലത്താണ് സംഭവം. അമ്മിണിയുടെ അമ്മക്ക് കോളനിക്ക് അടുത്ത് കിടന്നു കിട്ടിയ പന്നിക്കുഞ്ഞിനെ അമ്മിണിക്ക് നൽകുകയും വളർത്തുകയുമായിരുന്നു. വനംവകുപ്പിൻറെ അറിവോടെയും നിരീക്ഷണത്തിലുമാണ് വളരുന്നത്. കാട്ടിലെ ജീവികളേയും സഹജീവികളെ പോലെ കാണുന്ന ഗോത്രവിഭാഗത്തിനു ഇത് പുതിയ അനുഭവമല്ല. ഒരു നാടൊന്നായ് ചേർന്ന് കാട്ടുപന്നികളെ തുരത്താൻ ശ്രമിക്കുമ്പോഴും അമ്മിണിയും കിങ്ങിണിയും , ചുണ്ടയും മുത്തുവും പോലെയുള്ള ബന്ധങ്ങൾ തുടർന്നു വരുന്നു.