എനിക്ക് പഠിക്കണം സാറേ വിതുമ്പലോടെ ജ്യോതി ആദിത്യ

കോവിഡ് കാലം കേരള ജനതയെ ദുരിതത്തിലാഴ്ത്തുകയാണ്. ഒപ്പം മഴക്കെടുതിയും പ്രളയവും വന്നതോടെ സാഹചര്യം കൂടുതൽ ദുർഘടമായി. എല്ലാവരും വലയുന്നെങ്കിലും ചെറിയ ജോലികൾ ചെയ്ത് ദിവസവരുമാനം കണ്ടെത്തിയിരുന്നവർ ഏറെ ദുരിതത്തിലാണ്. കൂലി പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. ജോലിയില്ലാത്തതിനാൽ തന്നെ ഇവരുടെ കുടുംബം പട്ടിണിയിലാണ്. സ്കൂളിൽ പോയിരുന്ന കുട്ടികൾക്ക് ഇപ്പോൾ ഓൺലൈൻ ക്ലാസ്സാണ്. ടിവിയും മൊബൈലും ഇല്ലാതിരുന്ന കുട്ടികൾക്ക് പ്രവർത്തകർ അതും എത്തിച്ച് കൊടുത്തു. എന്നാൽ ജ്യോതി ആദിത്യ എന്ന കൊച്ചു പെൺകുട്ടിയുടെ കരച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും കരളലിയിക്കുകയാണ്.

ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു, “എനിക്ക് പഠിക്കണം സാറേ.. ഞങ്ങൾക്ക് കറൻ്റ് ഒന്ന് തരാൻ പറ സാറേ.. എനിക്കത് മാത്രം മതി” മഴക്കെടുതി കാരണം ക്യാമ്പ് തുടങ്ങിയ അട്ടത്തോട് ട്രൈബൽ സ്കൂളിൽ വെച്ചാണ് ഏഴാം ക്ലാസ്സുകാരിയായ ജ്യോതി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹിൻ്റെ അടുത്തേക്ക് ഓടി വന്നത്. കരയുന്ന കുട്ടിയെ അടുത്തിരുത്തി ജില്ലാ കളക്ടർ അവളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. എന്താ പ്രശ്നം മോളെ? കരയാതിരിക്ക്.. പരിഹാരമുണ്ടാക്കാം എന്ന ആശ്വാസവാക്കുകൾ പറഞ്ഞ് അദ്ദേഹം അവളെ സമാധാനിപ്പിച്ചു.

അവൾ തുടർന്നു, “എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണിമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ. എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാംപില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം…” നൊമ്പരപ്പെടുത്തുന്ന ഈ വാക്കുകൾ കേട്ടിരുന്ന ശേഷം അദ്ദേഹം പരിഹാരം കണ്ടെത്തി. അടുത്ത തിങ്കളാഴ്ച്ച ജ്യോതിയെ കാണാൻ താൻ വരുമെന്നും അപ്പോൾ വീട്ടിൽ കറണ്ടുണ്ടാകുമെന്നും, ജ്യോതിക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ നല്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മുട്ടുമണ്ണിൽ സതീഷൻ്റെയും മോനിഷയുടെയും മൂത്ത മകളാണ് ജ്യേതി ആദിത്യ. ക്യാമ്പിനുള്ളിൽ ഉള്ളവരോട് വീടിന് നിർബന്ധമായും അപേക്ഷിക്കണമെന്നും കലക്ടർ ഓർമിപ്പിച്ചു. മഴയ്ക്ക് ശേഷം റാന്നി താലൂക്കിനായി ഒരു അദാലത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ഇതു പോലെ ദുരിതത്തിനിടയിൽ കഷ്ടപ്പടുന്ന ഒരു പാട് ജ്യോതി ആദിത്യ മാർ നമുക്ക് ചുറ്റുമുണ്ട്. അവരെയും കരുതലോടെ കാണുന്ന ഒരു സമൂഹം വളർത്തിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *